ടാമ്പാ: ശ്രീനാരായണ ഗുരുവിന്റെ സമത്വദർശനവും മാനവിക മൂല്യങ്ങളും ആധുനിക സമൂഹത്തിന്റെ ആവശ്യങ്ങളുമായി സമന്വയിപ്പിച്ചുകൊണ്ട് ഫോസ്ന കൺവൻഷന്റെ രണ്ടാം ദിനം ശ്രദ്ധേയമായി.
ആത്മീയതയും സംസ്കാരവും കുടുംബമൂല്യങ്ങളും സാമൂഹിക ഉത്തരവാദിത്തവും ഒരേ വേദിയിൽ കോർത്തിണക്കിയ പരിപാടികൾ, ഫോസ്നയെ ഒരു സംഘടന മാത്രമല്ല, സാമൂഹിക നവോഥാനത്തിന്റെ വേദിയാണെന്ന സന്ദേശം ശക്തമായി ഉയർത്തിക്കാട്ടി.
രാവിലെ യോഗയും ധ്യാനവും കൊണ്ട് ആരംഭിച്ച ദിനം പ്രാർഥനയോടും സുവനീർ പ്രകാശനത്തോടും കൂടി ആത്മീയ ചൈതന്യത്തിലേക്ക് പ്രവേശിച്ചു. സ്വാമി ശിവസ്വരൂപാനന്ദയുടെയും ഡോ. പുരുഷോത്തമന്റെയും പ്രഭാഷണങ്ങൾ ശ്രീനാരായണ ഗുരുവിന്റെ ദർശനത്തെ ഇന്നത്തെ സാമൂഹിക ജീവിതവുമായി ബന്ധിപ്പിച്ച് അവതരിപ്പിച്ചു. തുടർന്ന് അരങ്ങേറിയ “ത്രിപ്രസാദം” സംഗീതനാടകം ആത്മീയ സന്ദേശങ്ങളെ കലയുടെ ഭാഷയിലൂടെ പ്രേക്ഷകരിലേക്ക് എത്തിച്ചു.
ഉച്ചയ്ക്ക് നടന്ന വനിതാ ഫോറം സെമിനാർ ഗുരുവിന്റെ ദേവി സ്തോത്രാഞ്ജലി യാത്ര, മോഹിനിയാട്ടം, ഭക്തിഗാനങ്ങൾ, സാമൂഹിക പ്രഭാഷണങ്ങൾ എന്നിവ സമൂഹനിർമാണം, വനിതാ ശാക്തീകരണം, ആത്മീയത, സംസ്കാരം എന്നിവയെ സമന്വയിപ്പിച്ച പരിപാടികളായി മാറി.
കേരളത്തിൽ നിന്നെത്തിയ സന്യാസിമാരുടെ സാന്നിധ്യവും അനുഗ്രഹപ്രഭാഷണങ്ങളും രണ്ടാം ദിനത്തിന് പ്രത്യേക ആത്മീയമാനം നൽകി. വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ മലയാളികളുടെ സജീവ പങ്കാളിത്തം ഫോസ്നയുടെ മതനിരപേക്ഷവും സർവസമ്മതവുമായ സാമൂഹിക സ്വഭാവത്തെ കൂടുതൽ ശക്തിപ്പെടുത്തി.
ഫോസ്ന പ്രസിഡന്റ് ബിനൂപ് ശ്രീധരന്റെ നേതൃത്വവും സംഘാടന മികവും രണ്ടാം ദിനത്തിലുടനീളം ശ്രദ്ധേയമായി. നൂറുകണക്കിന് പ്രതിനിധികളെയും അതിഥികളെയും ഏകോപിപ്പിച്ചുകൊണ്ട് പരിപാടികൾ സമയബന്ധിതമായും ഭംഗിയായും മുന്നോട്ട് കൊണ്ടുപോകുന്നതിൽ അദ്ദേഹത്തിന്റെ നേതൃത്വപാടവം വ്യക്തമായിരുന്നു.